Tuesday, December 11, 2007

ഏപ്രില്‍ ഒന്നിന്‍റെ മായാത്ത ഒരോര്‍മ്മ

സാറാ.ജി

പുറത്തു ചുട്ടു പൊള്ളുന്ന മീനച്ചൂടിന്‍റെ പൊരി വെയില്‍.
അകത്ത്‌ അതിലും വലിയ വെപ്രാളം. പരീക്ഷ എന്ന അഗ്നി ഗോളത്തില്‍
ഉരുകിക്കൊണ്ടിരിക്കുന്ന സമയം.

അന്നു ഞാന്‍ തിരുവല്ല മാര്‍ത്തോമ്മ കോളജില്‍
ഒന്നാം വര്‍ഷ ഡിഗ്രിക്കു പഠിക്കുകയാണ്‌. ഹോസ്‌ററലില്‍ ഞങ്ങള്‍
നാലു പേരാണ്‌ റൂമില്‍ ഉണ്ടായിരുന്നത്‌. ലിസി,റൂബി,അനിത,പിന്നെ
ഞാനും. പെണ്‍കുട്ടികള്‍ മാത്രം ഉള്ള, പ്രത്യേകിച്ചും കന്യാസ്‌ത്രീകളുടെ
സ്‌ഥാപനങ്ങളില്‍ പഠിച്ചിരുന്ന എനിക്ക്‌ ആണ്‍കുട്ടികളോട്‌
സംസാരിക്കാന്‍ ഭയവും നാണവുമായിരുന്നു.

അന്നുവരെ കോളജ്‌ ഇലക്ഷന്‍റെ രസവും ബഹളവും ഒന്നും
അറിവില്ലാതിരുന്ന എനിക്ക്‌ ആ വര്‍ഷം ഉത്‌സവം
പോലെയായിരുന്നു. ഇന്നത്തെ ഗതാഗതമന്ത്രിയായ
ശ്രീമാന്‍ മാത്യൂ ടി തോമസ്‌ കോളജ്‌ രാഷ്‌ട്രീയത്തില്‍
കൊടി കുത്തി വാഴുന്ന കാലം. വേറെയും സ്‌ഥാനാര്‍ഥികള്‍
ധാരാളം ഉണ്ടായിരുന്നെങ്കിലും എന്‍റെ മനസ്സില്‍ തങ്ങി
നിന്നത്‌ ഒരു മുഖം മാത്രം. കുരുവിള. കക്ഷി കൗണ്‍സിലര്‍
സ്‌ഥാനത്തേക്ക്‌ മല്‍സരിക്കുകയാണ്‌. ഞാന്‍ അറിയാതെ
അയാള്‍ എന്‍റെ മനസ്സിന്‍റെ അകത്തളത്തില്‍ കയറിപ്പറ്റി.
ഒരോ പ്രാവശ്യവും വോട്ടു ചോദിക്കാന്‍ വരുമ്പോഴും
ആകപ്പാടെ പരവശയായ ഒരു പ്രതീതി.
എന്തോ അയാളോട്‌ ഒരു പ്രത്യേക സ്‌നേഹം.
എന്‍റെ അടുത്ത കൂട്ടുകാരി ലിസിയോട്‌ മാത്രം പറഞ്ഞു്‌.

"കുരുവിള നല്ല പയ്യനാണ്‌.എനിക്ക്‌ അയാളെ ഇഷ്‌ടമാണ്‌."

അയാളുടെ എല്ലാ നോട്ടീസും എടുത്തു സൂക്ഷിച്ചു വച്ചു.
ലിസി എന്നെ കളിയാക്കാന്‍ കുരുവിളയുടെ ഫോട്ടോയുള്ള
നോട്ടീസുകള്‍ ഒക്കെ എനിക്ക്‌ കൊണ്ട്‌ തരുമായിരുന്നു.
അതെല്ലാം ഒരു നിധി പോലെ സൂക്ഷിച്ചു വെക്കുമായിരുന്നു.
കുരുവിള ഇതൊന്നും അറിഞ്ഞിരുന്നതുമില്ല.
ഇലക്ഷന്‍ കഴിഞ്ഞതോടെ മഴ പെയ്‌തു തോര്‍ന്നതു
പോലെയായി. കുരുവിള ജയിച്ചതുമില്ല. നിരാശയുടെ
നേരിയ നിഴല്‍ മനസ്സിനെ മൂടി. മാസങ്ങള്‍ കഴിഞ്ഞു.
പിന്നെ പിന്നെ എല്ലാം ഒരോര്‍മ്മയായി.


പരീക്ഷ എന്ന തപസ്യയില്‍ മുഴുകിയിരിക്കുകയാണ്‌
ഹോസ്‌ററലിലെ അന്തേവാസികളായ ഞങ്ങളെല്ലാവരും.
ആ ആഴ്‌ചയില്‍ എനിക്ക്‌ അത്യാവശ്യമായി വീട്ടില്‍
പോകേണ്ട ആവശ്യമുണ്ടായിരുന്നു.
വീട്ടില്‍ പോയിട്ടു ആരു തിരിച്ചു വന്നാലും
പിന്നെ ഒരു തട്ടുകട പ്രതീതിയാണ്‌. ക പ്പയോ
മീന്‍കറിയോ. ബീഫ്‌ ഉലര്‍ത്തിയതോ എന്തെങ്കിലും കാണും
.അടുത്ത റൂമിലുള്ളവരെക്കുടെക്കൂട്ടി എല്ലാവരും കൂടി കഴിക്കും.
അതൊരു രസം തന്നെയായിരുന്നു.
തീറ്റ ഒക്കെ കഴിഞ്ഞപ്പോള്‍ ലിസി പറഞ്ഞു.

"നിനക്കൊരു കത്തുണ്ട്‌. " "എവിടെ?"
കത്തു പൊട്ടിച്ചു വായിച്ച എനിക്ക്‌ സന്തോഷം
അടക്കാനായില്ല. നിലാവുള്ള ദിവസങ്ങളില്‍ ഞാന്‍
സ്വപ്‌നം ക ണ്ടിരുന്നതുപോലെ കുരുവിളയുടെ
മനോഹരമായ ഒരു പ്രണയലേഖനം. മങ്ങി
മറഞ്ഞു പോയ എന്‍റെ സ്വപ്‌നങ്ങള്‍ക്കു നിറവും
ജീവനും വെച്ചതു പോലെ.

" പ്രീയപ്പെട്ട.. .. .. .. .. മോളെ, നിന്‍റെ
സ്‌നേഹത്തിന്‍റെ മാറ്ററിയാന്‍ ഞാന്‍
താമസിച്ചു പോയതില്‍ ആദ്യമായി ക്ഷമ ചോദിക്കുന്നു.. .. .. "

എന്നു തുടങ്ങുന്ന ഒരു ഹൃദയഹാരിയായ സ്‌നേഹസമ്മാനം.
ഒരു നിമിഷം എല്ലാം മറന്ന്‌ ഞാന്‍ കുരുവിള
രാജകുമാരനുമൊത്ത്‌ ആകാശത്തിന്‍റെ
ഉയരങ്ങളിലേക്ക്‌ പറന്നുയര്‍ന്നു. അവിടെ ചില്ലു
കൊട്ടാരത്തില്‍ താമസം തുടങ്ങവേ..
ആരുടയോ ഉറക്കെയുള്ള പൊട്ടിച്ചിരിയില്‍ അതാ
ഞങ്ങളുടെ ചില്ലു കൊട്ടാരം പൊട്ടിച്ചിതറുന്നു.

ിവാസ്വപ്‌നത്തില്‍ നിന്നുണര്‍ന്ന ഞാന്‍
കാണുന്നത്‌ ഏപ്രില്‍ ഫൂള്‍ പറഞ്ഞ്‌ എനിക്കു
ചുറ്റും ആര്‍ത്തു ചിരിക്കുന്ന എന്‍റെ പ്രിയപ്പെട്ട
കൂട്ടുകാരെയാണ്‌. സ്‌ഥലകാല ബോധം വന്ന
എനിക്ക്‌ ചമ്മലകറ്റാന്‍ കട്ടിലിലുണ്ടായിരുന്ന
പുതപ്പിനെ ആശ്രയിക്കേണ്ടി വന്നു. പിന്നീടാണ്‌
അറിഞ്ഞത്‌ എന്‍റെ സ്വപ്‌നത്തിലെ രാജകുമാരന്‍റെ
വില്ലന്‍ വേഷം അണിഞ്ഞത്‌ എന്‍റെ ഏറ്റവും
പ്രിയ കൂട്ടുകാരി ലിസിയാണ്‌ എന്ന്‌.

5 comments:

ഫസല്‍ ബിനാലി.. said...

താമസിച്ചു പോയതില്‍ ആദ്യമായി ക്ഷമ ചോദിക്കുന്നു.. .. .. "

Nannaayittundu
congrats

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ഏ.ആര്‍. നജീം said...

പാവം പാവം രാജകുമാരി,
എന്തായാലും അപ്പോ തന്നെ കള്ളിപൊട്ടിച്ചല്ലോ അത് നന്നായി. :)

ശ്രീ said...

അതെ, നജീമിക്ക പറഞ്ഞതു പോലെ അത് അവിടെ വച്ചു തന്നെ പൊട്ടിച്ചതു നന്നയി.

Sherlock said...

ഹ ഹ...:)