Thursday, December 6, 2007

മോഹഭംഗം

സാറാ.ജി

മോഹമോ..മോഹഭംഗമോ അതോ സ്വന്തം സ്‌ത്രീതത്വത്തെ ചവിട്ടിയരച്ചതിനോടുള്ള വാശിയോ..ദേഷ്യമോ..ഭയങ്കര അരിശം തോന്നി.ഒന്നു തീര്‍ച്ചയായി. ഇനിയും പ്രതീക്ഷിക്കാനൊന്നുമില്ല. ജോലിക്കാരി സരസു എപ്പോഴും പറയുമായിരുന്നു "ചേച്ചി മുപ്പതു വയസ്സു കഴിഞ്ഞാല്‍ സ്‌ത്രീ ഒന്നുമില്ല. യൗവനം തീര്‍ന്നു." കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുമായിരുന്നു. വയസ്സിനു മൂത്തതെങ്കിലും അവരെന്നെ ചേച്ചി എന്നാണ്‌ വിളിച്ചിരുന്നത്‌. പലപ്പോഴും ചോദിക്കണമെന്നോര്‍ത്തതാണ്‌ അമ്പതു വയസ്സു കഴിഞ്ഞ നിങ്ങള്‍ എന്തിനാണ്‌ കാമം തീര്‍ക്കാന്‍ റബറു വെട്ടുകാരന്‍റെ മാറോടണഞ്ഞതെന്ന്‌. പക്ഷേ കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല. പന്ത്രണ്ടു വര്‍ഷം മുന്‍പു വിധവയായ അവരുടെ മോഹങ്ങളെ തൊട്ടുണര്‍ത്താന്‍ വിജയനെങ്കിലും ഉണ്ടായിരുന്നല്ലോ എന്ന തോന്നല്‍. ഭര്‍ത്താവുണ്ടായിട്ടും സ്വന്തം മോഹങ്ങളെ താലോലിച്ചു കിടക്കാനല്ലാതെ ഒന്നിന്നും കഴിയുന്നില്ലല്ലോ എന്ന ഇച്ഛാഭംഗം. അതൊരു തരം പ്രതികാരമായിരുന്നു. എന്നെ ചതിച്ചതിനോടുള്ള വാശി. അയാളുമായി ഇനി ഒരു ബന്‌ധവും വേണ്ട എന്നു സ്വയം തീരുമാനിച്ചതാണ്‌. കാമം തീര്‍ക്കാന്‍ സ്‌ത്രീയെ ഒരുപഉപകരണമായി കാണുന്ന അയാളെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കൂട്ടിയും കിഴിച്ചും വളരെ അലോചിച്ചിട്ടും മനസ്സിലാകാത്തതായി ഇപ്പോഴും ഒരു കാര്യം ബാക്കി നില്‌ക്കുന്നു. ഇത്രയേറെ എന്‍റെ മനസ്സിനെ വേദനിപ്പിച്ച അ മനുഷ്യനെ എനിക്ക്‌ എന്താണ്‌ വെറുക്കാന്‍ കഴിയാത്തത്‌. ആ മാറില്‍ അലിയാന്‍ എന്തിനാണ്‌ വെമ്പല്‍ കൊള്ളുന്നത്‌.?.ഒരിക്കലും തിരിച്ചറിയാന്‍ പറ്റാത്ത ഒരു വികാരം.
ആദ്യമൊക്കെ ദേഷ്യമായിരുന്നു. അതിലപ്പുറം വാശിയും. പലപ്പോഴും വിചാരിച്ചതാണ്‌ വാശി തീര്‍ക്കാന്‍ ഒരു അവിഹിത ബന്‌ധം സ്ഥാപിച്ചാലോ എന്ന്‌. സാഹചര്യങ്ങള്‍ ധാരാളം ഉണ്ടായിരുന്നു.പിന്നെ പിന്നെ മനസ്സിനെ പതിയെ പഠിച്ചപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി. അയാളല്ലാതെ വേറൊരാളുമായി ശാരീരികമായും മാനസീകമായും ബന്‌ധം പുലര്‍ത്താന്‍ തനിക്കു പറ്റില്ല. അയാള്‍ക്കു പകരമായി എന്‍റെ മനസ്സില്‍ കുടിയേറി പാര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന്‌ സത്യം ഓര്‍ത്തപ്പോള്‍ സ്വയം വെറുപ്പും പുച്ഛവും തോന്നി. നാണം കെട്ടവള്‍.

ഇപ്പോഴാകട്ടെ ഒരു തരം നിസ്സംഗത. പാഴായിപ്പോകുന്ന ജീവിതം.

സ്‌നേഹത്തിന്‍റെ കണിക പോലുമില്ലാത്ത മനുഷ്യന്‍. പൈസയാണ്‌ എല്ലാറ്റിനും മുന്നില്‍ എന്നു വിശ്വസിക്കുന്നവന്‍. ഭാര്യ മക്കളെ പ്രസവിക്കാനുള്ള ഒരുപഉപകരണം എന്നൊരിക്കല്‍ വിശേഷിച്ചപ്പോള്‍ എന്തു വിഷമമായിരുന്നു. ഇന്ന്‌ അയാള്‍ക്കെല്ലാം അവളാണ്‌. അവളൊന്നു തുമ്മിയാല്‍ അയാള്‍ ജീവന്‍ കളയും. ഓര്‍ത്തപ്പോള്‍ നെഞ്ചുരുകുന്നതു പോലെ തോന്നി. എത്രമാത്രം ഞാന്‍ അയാളെ സ്‌നേഹിച്ചിരുന്നു.അയാളകന്നു പോയപ്പോള്‍ തലയിണയും ഷീറ്റും കണ്ണീരില്‍ കുതിര്‍ത്ത എത്ര ദിവസങ്ങള്‍ തള്ളി നീക്കി. ഈശ്വരന്‍ പോലും കൈവിട്ടു എന്നു ദു:ഖിച്ചു.പലപ്പോഴും കുറ്റപ്പെടുത്തി.

ഇപ്പോള്‍ ഒരു വികാരവുമില്ല.സ്‌നേഹം മിഥ്യയാണെന്ന തോന്നല്‍. സ്‌നേഹവും ദേഷ്യവും വാശിയും എല്ലാം മാസങ്ങളോളം ഉതിര്‍ന്ന ചുടു കണ്ണീരില്‍ ആവിയായി മാറിയിരിക്കും.ഉയര്‍ന്നു വന്ന ഏങ്ങലുകളെ തടഞ്ഞുനിര്‍ത്തി വിദൂരതയിലേക്ക്‌ കണ്ണും നട്ടിരിക്കുമ്പോള്‍ ആശ്വാസത്തിന്‍റെ സ്വരം എന്ന പോലെ അടുത്ത പള്ളിയില്‍ നിന്നും ആരാധനയുടെ മണിമുഴക്കം കേട്ടു. അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികളെ നോക്കി മനസ്സു മന്ത്രിച്ചു..."അയാള്‍ വരും".

3 comments:

chithrakaran ചിത്രകാരന്‍ said...

സാരമില്ലാന്നേ...
മോഹമാണ് മോഹഭംഗമുണ്ടാക്കിയത്.
കൊതിച്ചതുതന്നെ കിട്ടണമെന്നു വാശിപിടിക്കരുതെന്നു പറഞ്ഞുനോക്കു.
:)

ഉപാസന || Upasana said...

khandika thirichche ezhuthuka...
Go ahead
:)
upaasana

ശ്രീ said...

കൊള്ളാം.

:)