Thursday, December 6, 2007

എന്‍റെ പ്രീയപ്പെട്ട കള്ളന്‍

സാറാ.ജി


മനസ്സിന്‌ വിഷമം ഉണ്ടാകുമ്പോഴൊക്കെ ഞാന്‍ ആ പള്ളിയില്‍ പോയി പ്രാര്‍ത്‌ഥിക്കുമായിരുന്നു. അന്നൊരു തിങ്കളാഴ്‌ച ദിവസം. മനസ്സിനെ അലട്ടിയ എന്തൊക്കയോ സംഭവങ്ങള്‍.ഓഫീസ്‌ കഴിഞ്ഞ്‌ നേരെ സ്‌ക്കൂട്ടറില്‍ കയറി അവിടേക്കു പോയി. യുണിവേഴ്‌സിറ്റി ലൈബ്രറിയുടെ മുമ്പില്‍ വണ്ടി നിര്‍ത്തിയിട്ട്‌ എന്‍റെ കൈയിലിരുന്ന ബാഗും വണ്ടിയുടെ താക്കോലുമെടുത്തു പള്ളിയുടെ പടികള്‍ ഞാന്‍ സാവധാനം കയറി. ദു:ഖങ്ങള്‍ ഭുമിയില്‍ നിന്ന്‌ അകന്നു പൊയിട്ടൊ.. പരിഹാരം വേറെ ഉണ്ടായിട്ടൊ.. എന്തോ.. അവിടെ ആരുമില്ലായിരുന്നു. ആളൊഴിഞ്ഞ ആലയം സ്വസ്ഥമായ എന്‍റെ പ്രാര്‍ത്‌ഥനക്ക്‌ ആക്കം കൂട്ടി. പള്ളിയുടെ ഇടത്തു വശത്തുള്ള ആ ക്രൂശിത രൂപത്തിന്നു മുന്നില്‍ ഭാരങ്ങള്‍ ഇറക്കി വെക്കവെ കണ്ണുനീര്‍ ചാലുകള്‍ എന്നില്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. അല്‌പസമയം പള്ളിയിലെ ബഞ്ചില്‍ കണ്ണകളടച്ചു നിര്‍വികാരയായി ഇരുന്ന എന്‍റെ മനസ്സില്‍ ആശ്വാസത്തിന്‍റെ ഒരു പച്ചപ്പു കടന്നു വന്നു.ഒരു ദീര്‍ഘനിശ്വാസത്തോടെ, മനസ്സിനേറ്റ കുളിര്‍മയോടെ പോകാനെഴുന്നേറ്റ ഞാന്‍ ഞെട്ടിപ്പൊയി. എന്‍റെ ബാഗ്‌ കാണ്മാനില്ല. ഞാന്‍ തിരിഞ്ഞും മറിഞ്ഞും മുകളിലും താഴെയും എല്ലാം നോക്കി. എന്തൊരു മായം. ശൂന്യമായ ആ പള്ളിയില്‍ ഞാനും ദൈവത്തിന്‍റെ പ്രതിരൂപങ്ങളും മാത്രം. ഞാന്‍ താഴേക്കു ഓടി. അവിടെ നിന്നവരൊടൊക്കെ ചോദിച്ചു ആരെങ്കിലും എന്‍റെ ബാഗുമായി പോകുന്നതു കണ്ടോ?. തലസ്ഥാനത്തെ തിരക്കുകളില്‍ ശ്വാസം വിടാതെ ഓടുന്നവരുടെ മുമ്പില്‍ എന്‍റെ ചോദ്യം കാറ്റത്തെ ഒരു ഇല പോലെ പറന്നു പോയ്‌ക്കൊണ്ടിരുന്നു.
ഒരു നിമിഷം പള്ളിയുടെ പടിയില്‍ തളര്‍ന്നിരുന്ന ഞാന്‍ പലതും ചിന്തിച്ചു. പത്തു പതിനഞ്ചു വര്‍ഷമായി സൂക്ഷിച്ചു വെച്ചിരുന്നപലഡോക്കുമെന്‍റസ്‌, ഒരു കുട, ഇരുന്നൂറു രൂപാ അങ്ങനെ പലതും. അതൊക്കെ പോകട്ടെ.. ഞങ്ങളുടെ ബെഡ്‌റൂമിന്‍റെ താക്കോല്‍. എന്തു ചെയ്യണ മെന്നറിയാതെ നിസ്സഹയായിരുന്ന എന്‍റെ മുന്നില്‍ ആശ്വാസത്തിന്‍റെ ഒരു ചെറു തിരി നാളമായി സ്‌ക്കൂട്ടറിന്‍റെ താക്കോല്‍ എന്നെ നോക്കി പുഞ്ചിരിച്ചു. വേഗം ഞാന്‍ പള്ളിയിലെ സൈഡ്‌ റൂമില്‍ ചെന്നു അവിടെ ഇരുന്ന ആളിനോട്‌, കപ്യാരാണെന്നു തോന്നുന്നു ഉണ്ടായ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു "ഇന്നു വരെ ഇതു പോലെ ഒരു സംഭവം ഉണ്ടായിട്ടില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ പറയാം."
പതുക്കെ സ്‌ക്കൂട്ടറുമെടുത്തു അടുത്ത കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന്‌ നൂറു രൂപായും വാങ്ങി ഞാന്‍ വീട്ടിലേക്ക്‌ പോയി.കേട്ടവരെക്കെ പറഞ്ഞു"സാരമില്ല. തിരിച്ചു കിട്ടാത്തതൊന്നും നഷ്ടപ്പെട്ടില്ലല്ലോ."അതു തന്നെയായിരുന്നു എന്‍റെയും ആശ്വാസം.
മൂന്നു ദിവസം കഴിഞ്ഞു- അന്നു വ്യാഴാഴ്‌ച രാത്രി പത്തനംതിട്ടയില്‍ ജോലിയുള്ള എന്‍റെ ഭര്‍ത്താവും ദുബായില്‍ ജോലിയുള്ള ചേട്ടനും(ചേച്ചിയുടെ ഭര്‍ത്താവ്‌) കൂടി രാത്രി പത്തു മണിയായപ്പൊള്‍ വീട്ടില്‍ വന്നു. അടുത്ത ദിവസം രാവിലെ ഏഴു മണിക്ക്‌ ചേട്ടന്‌ എയര്‍പോര്‍ട്ടില്‍ പോകണം. ഒമ്പതു മണിക്കാണ്‌ ദുബായ്‌ ഫൈളറ്റ്‌. ബാഗ്‌ സംഭവം ഒക്കെ ഞാന്‍ അവരെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. എന്‍റെ അശ്രദ്ധയെ ചോദ്യം ചെയ്‌ത ഭര്‍ത്താവിനോട്‌ തിരിച്ചു കിട്ടാത്തതൊന്നും എനിക്ക്‌ നഷ്ടപ്പെട്ടിട്ടില്ല എന്ന മറുപടിയും കൊടുത്തു. അത്താഴം ഒക്കെ കഴിഞ്ഞു ഏകദേശം പതിന്നൊന്നര മണിയായിക്കാണും ചേട്ടന്‍ പറഞ്ഞു. "എന്‍റെ പാസ്‌പോര്‍ട്ടും ടിക്കറ്റും തരൂ. രാവിലെ എടുത്തു വെക്കാന്‍ സമയം കാണില്ല. "ടിക്കറ്റ്‌ കണ്‍ഫര്‍മേഷനു വേണ്ടി എയര്‍ ഇന്‍ഡ്യ ഓഫീസില്‍ കാണിക്കാന്‍ ചേട്ടന്‍ അവ രണ്ടു ആഴ്‌ച മുന്‍പു എന്നെ ഏല്‌പിച്ചിരുന്നു. പാസ്‌പോര്‍ട്ടും ടിക്കറ്റും എടുക്കാന്‍ വേണ്ടി അലമാര തുറന്ന ഞാന്‍ ഞെട്ടിത്തെറിച്ചു നിന്നു പോയി. കണ്‍ഫര്‍മേഷനു കൊണ്ടു പോയ ഞാന്‍ അതു ബാഗില്‍ നിന്നും തിരിച്ചെടുത്തിരുന്നില്ല.അക്കാര്യം ഞാന്‍ മറന്നേ.... പോയിരുന്നു. നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി. എന്തു ചെയ്യണമെന്നറിയാതെ ജീവഛവമായി നിന്ന ഞാന്‍ വിക്കി വിക്കി പറഞ്ഞു. "അത്‌ കളഞ്ഞു പോയ ബാഗിലാണ്‌. "ചേട്ടന്‍ പറഞ്ഞു"ചുമ്മാ തമാശ കളിക്കാതെ എടുത്തു കൊണ്ടു വാ."
എങ്ങനെ ഞാന്‍ പറഞ്ഞു വിശ്വസിപ്പിക്കും.ബാഗ്‌ കളഞ്ഞിട്ടു മൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു. തളര്‍ന്നും കരഞ്ഞും നിന്ന ഞാന്‍ ഒരു വിധത്തില്‍ അവരെ ഞാന്‍ പറഞ്ഞത്‌ സത്യമാണെന്നു ധരിപ്പിച്ചു. ചേട്ടന്‍ ആകെ നിര്‍ജ്ജീവ അവസ്ഥയിലായി. ചിരകാല അഭിലാഷമായ വീടു പണി നടന്നു കൊണ്ടിരിക്കുന്നു, കല്യാണ പ്രായമെത്തിയ മകള്‍, ലക്ഷങ്ങള്‍ കോഴ കൊടുത്ത ബെല്‍ഗാമില്‍ മെഡിസിനു പഠിക്കുന്ന മകന്‍.എല്ലാറ്റിനും അത്താണി ഈ ജോലിയാണ്‌. ഇനിയും ഒരു പാസ്‌പോര്‍ട്ടും വിസയും സമ്പാദിച്ച്‌ ചെല്ലുമ്പോഴേക്കും ജോലി നഷ്ടപ്പെട്ടിരിക്കും.ദുബായിലുള്ള ചേച്ചിയെ വിളിച്ച്‌ പാസ്‌പോര്‍ട്ടിന്‍റെ കോപ്പി വെള്ളയമ്പലത്തുള്ള ഒരു ടെലിഫോണ്‍ ബൂത്തിലേക്ക്‌ ഫാക്‌സ്‌ അയക്കാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഭയങ്കര വിഷമമായി. അതിലുമൊക്കെ വല്ലാത്ത ഒരവസ്ഥയിലായിരുന്നു ഞാന്‍. ഞങ്ങളുടെ അടുത്ത ഫ്രണ്ടായ സണ്ണിയെ വിളിച്ചു കാര്യങ്ങള്‍ ഒക്കെ പറഞ്ഞു.
"നമുക്കു രാവിലെ പോയി ഫാക്‌സും വാങ്ങി എയര്‍ ഇന്‍ഡ്യ ഓഫീസില്‍ ചെന്ന്‌ വിവരവും പറയാം. അല്ലെങ്കില്‍ ആരെങ്കിലും കള്ളപാസ്‌പോര്‍ട്ടുണ്ടാക്കി പൊയ്‌ക്കളഞ്ഞാലോ"സണ്ണി പറഞ്ഞതില്‍ കാര്യമുണ്ടെന്നു തോന്നി. അന്നു രാത്രി നിദ്രാദേവി എന്‍റെ കണ്‍പോളകളെ തഴുകിയതേയില്ല. അതിരാവിലെ എഴുന്നേറ്റു ഞങ്ങള്‍ നാലു പേരും എയര്‍ ഇന്‍ഡ്യ ഓഫീസില്‍ ചെന്നു. അവര്‍ പറഞ്ഞു ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. മരവിച്ച മനസ്സുമായി കാറിലേക്കു തിരികെ കയറിയ ഞങ്ങളുടെ ഇടയില്‍ മൂടിയിരുന്ന മൂകാന്തരീക്ഷത്തിന്നു വിരാമമിട്ടു കൊണ്ട്‌ സണ്ണി പറഞ്ഞു "നമുക്ക്‌ പള്ളിയില്‍ ചെന്നു അച്ചനോടു പറയാം ഇങ്ങനെയുള്ള മോഷണങ്ങള്‍ തടയാന്‍ നടപടി എടുക്കണമെന്ന്‌" പള്ളിയില്‍ ചെന്നപ്പോള്‍ അച്ചന്‍ അവിടെയില്ല. എന്നെ കണ്ടതേ കപ്യാര്‍ പറഞ്ഞു "ബാഗിനെപ്പറ്റി യാതൊരു വിവരവുമില്ല. "ഞാന്‍ പറഞ്ഞു കളഞ്ഞു പോയ ബാഗില്‍ എന്‍റെ ചേട്ടന്‍റെ വിസ അടിച്ച പാസ്‌പോര്‍ട്ടും ടിക്കറ്റും ഉണ്ടായിരുന്നു. അതു അച്ചനെ കണ്ടു പറയാനാണ്‌ വന്നത്‌. ഉടനെ അയാള്‍ ചോദിച്ചു."പാസ്‌പോര്‍ട്ട്‌ എവിടെയുള്ളതാണ്‌.""പത്തനംതിട്ടയില്‍""ഒരു പാസ്‌പോര്‍ട്ടും ടിക്കറ്റും യേശുവിന്‍റെ ക്രൂശിതരൂപത്തിന്നു മുന്‍പില്‍ ഇന്നലെആരോ കൊണ്ടു വെച്ചിരുന്നു. വല്ല കേസോ മറ്റോ ഉള്ളതാണെങ്കില്‍ പോലീസിനെ ഏല്‌പിക്കാമെന്നു കരുതി. ഇതാണോ എന്നു നോക്കൂ "അദ്ദേഹം പറഞ്ഞു.
പാസ്‌പോര്‍ട്ടു തുറന്നു നോക്കിയ ഞാന്‍ ഉറക്കെ കരഞ്ഞു. ഞാന്‍ എങ്ങനെ കരയാതിരിക്കും. തളര്‍ന്ന്‌ കുഴഞ്ഞു വീണു പോകുമെന്ന്‌ കരുതിയ എന്നെ താങ്ങിയ എന്‍റെ ദൈവത്തിന്‌ ഒരായിരം നന്ദി കരേറ്റിക്കൊണ്ട്‌ ഞാന്‍ ക്രൂശിതരൂപത്തിന്നു മുന്‍പില്‍ കവിണ്ണു വീണു. ഒപ്പം ഞാനാരെന്നറിയാതെ എന്നോട്‌ അല്‌പം കരുണ,ദയ കാട്ടി അതു തിരിച്ചു തന്ന കള്ളനോട്‌, ഇല്ല അങ്ങനെ വിളിക്കാന്‍ പറ്റില്ല. ഇന്നെനിക്ക്‌ അയാള്‍ അത്ര മാത്രം പ്രീയപ്പെട്ടവനാണ്‌. ടിക്കറ്റുകള്‍ എല്ലാം ലോട്ടറി ടിക്കറ്റു പോലെ കീറിയിരുന്നു. അതു ഒട്ടിച്ചു വെച്ച്‌ എന്‍റെ ചേട്ടന്‍ കൃത്യം ഏഴു മണിക്ക്‌ എയര്‍ പോര്‍ട്ടില്‍ പോയി അവിടെ നിന്നും ഒമ്പതു മണിക്ക്‌ ദുബായിലേക്ക്‌ പറന്നു. ഇന്നു ചേട്ടന്‍റ എല്ലാ സ്‌പനങ്ങ ളും സാക്ഷാത്‌ക്കാരമായി.
എന്‍റെ പ്രീയപ്പെട്ട കള്ളാ നിനക്കു നന്ദി.

1 comment:

ശ്രീ said...

മനസാക്ഷിയുള്ള കള്ളന്‍‌!